യുവാവിനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന മൂന്നംഗ സംഘം അറസ്റ്റിൽ
Times Kerala
2020-12-02 06:46:15
തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ യുവാവിനെ ആക്രമിച്ച ശേഷം ഒരു പവന്റെ സ്വര്‍ണമോതിരം കവര്‍ന്ന മൂന്നംഗ സംഘത്തെ പിടികൂടി. വിതുര തേവയോട് ചിറ്റാര്‍ പാലത്തിനു സമീപം നാസ് കോട്ടേജില്‍ ഷഫീക്ക് (33), കരകുളം തറട്ട വാര്‍ഡില്‍ ഏണിക്കര നിലമി പ്രഭ നിവാസില്‍ കുട്ടന് എന്ന പ്രസാദ് (36), കരകുളം ഏണിക്കര നിലമി ചിറയ്ക്കു സമീപം അമ്പാടി വീട്ടില്‍ ശ്രീജിത് (36) എന്നിവരെയാണ് പോലീസ് പിടികൂടിയത് .
തിങ്കളാഴ്ച നാലോടെ കരകുളം ക്രൈസ്റ്റ് നഗര്‍ റോഡിലൂടെ സ്കൂട്ടറില്‍ വരികയായിരുന്ന കല്ലയം സ്വദേശി പ്രശാന്തിനെ ഓട്ടോയില്‍ വന്ന പ്രതികള്‍ തടഞ്ഞുനിറുത്തി മര്‍ദ്ദിച്ച് മോതിരവും സ്കൂട്ടറിന്റെ താക്കോലും കവരുകയായിരുന്നു . കണ്ട്രോള് റൂമില്‍ ലഭിച്ച വിവരത്തിലാണ് ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിന്തുടര്ന്ന് പിടികൂടിയത് . നിലവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.